Friday, September 21, 2012

സുബൈര്‍, കാളി... അത് പോലുള്ള ചിലര്‍

ഡാ... നീ സുബൈര്‍ അല്ലെ... ഓര്‍മയില്ലേ എന്നെ? ഞാന്‍ അവനോടു ചോദിച്ചു. അവന്‍ അപ്പോള്‍ അവന്റെ എം 80 യില്‍ മീന്‍ പാത്രവുമായി വില്പനയ്ക്ക് ഞങ്ങളുടെ റൂട്ടില്‍ വന്നതായിരുന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തി. സുബൈര്‍ എന്റെ കൂടെ ക്ലാസ്സില്‍ പഠിച്ചവനാണ്. അവന്‍ പറഞ്ഞു" ഉപ്പ മരിച്ചു, അപ്പൊ ഉപ്പെടെ കച്ചോടം ഞാന്‍ തുടരുന്നു. കുഴപ്പമോന്നുമില്ലെടാ.. ജീവിച്ചു പോകാം. എന്തായാലും എന്താടാ.. സുഖമായിരിക്കുന്നു. അത് മതി.

വൈകുന്നേരങ്ങളില്‍ നാല് മണി കഴിയുമ്പോള്‍ കാളി വരുമായിരുന്നു. ഒരു ബ്രൌണ്‍ നിറത്തിലുള്ള ബ്ലൌസ് ഉം മുട്ടിനു താഴെ നില്‍ക്കുന്ന മുണ്ടും ചുമലില്‍ ഒരു തോര്‍ത്തുമുണ്ടും ആയിരിക്കും വേഷം.  അമ്മാമയുമായി  വര്‍ത്തമാനം പറയും. അവര്‍ വരുമ്പോള്‍ മുറം , കൊട്ട കയില്‍ (തവി) കൊണ്ട് വരും. അവര്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആ സാധനങ്ങള്‍ മേടിക്കാന്‍ കാത്തിരിക്കുമായിരുന്നു അമ്മാമ. അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട്  ഞാന്‍ വീടിന്റെ പിന്നാമ്പുറത് ഇരിക്കും. കടയില്‍ നിന്നും മേടിച്ചു കൂടെ മുറം എന്ന് ചോദിക്കുമ്പോ അമ്മാമ പറയുമായിരുന്നു. അവര്‍ പണ്ട് തൊട്ടു വീട്ടില്‍ കൊണ്ട് വരണതല്ലേ മോനെ, അവര്‍ ആ പൈസ വല്യ കാര്യമായിരിക്കും. അമ്മാമ കാണിച്ചിരുന്ന ആ പരസ്പര ബന്ധം മുറത്തിന്റെ വിലയേക്കാള്‍ വലുത് തന്നെ ആയിരുന്നു.

രാത്രിയാകുമ്പോള്‍ അച്ചാച്ചന്‍ ഭാസ്കരേട്ടന്റെ കടയില്‍ പോയി വരുന്നതും കാത്തു ഇരിക്കും. എന്തേലും പലഹാരം അല്ലെങ്കില്‍ മിഠായി  കൊണ്ട് വരുന്നതും നോക്കിയിരിക്കും. ഭാസ്കരേട്ടന്റെ കടയില്‍ ആണ് ആ ഭാഗത്തെ ആളുകള്‍ പോകുന്നതും നിത്യോ പയോഗ സാധനങ്ങള്‍ മേടിക്കുന്നതും. പിന്നെ ഭാസ്കരേട്ടന്‍ വയസായപ്പോള്‍ ഗോകുലേട്ടന്‍ ആയി. രാത്രി വൈകും വരെ ഗോകുലെട്ടന്റെ കടയുടെ അരികില്‍ ഇരിക്കുക. ലാത്തിയടിക്കുക ഇത്യാദി സംഗതികള്‍ ജീവിതത്തിന്റെ ഭാഗമായി. അവരുടെ കടകളില്‍ ഒന്നും ചില്ലിന്റെ തിളങ്ങുന്ന അലമാരകളോ
അവരുടെ കടയുടെ പേര് (പേരുണ്ടോ? ഇല്ല) പരസ്യങ്ങളിലോ വന്നിരുന്നില്ല. ആദ്യം ഭാസ്കരേട്ടന്റെ കട എന്നും പിന്നീട് ഗോകുലെട്ടന്റെ കട എന്നും അറിയപെടുന്നു. എങ്കിലും ഒരു പരിസരത്തിന്റെ നിത്യവൃതികള്‍ ആളുകള്‍ എന്നിവ ഈ കടയുമായി ഉള്ള ബന്ധം "ഉപ ഭോഗ സംസ്കാരം " എന്നൊക്കെ പറയുന്ന കടുത്ത വാക്കുകളേക്കാള്‍ അപ്പുറത്തായിരുന്നു.

മീന്‍  കൊണ്ട് വരുന്ന സുബൈര്‍, മുറം കൊണ്ട്  വരുന്ന കാളി , ഭാസ്കരേട്ടന്‍ ഇവരെ പോലെ ഒരു പാട് പേര്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. അവരെ കണ്ടാണ്‌ നമ്മള്‍ വളര്‍ന്നത്‌. അവരിലൂടെയാണ്‌ നമ്മള്‍ വളര്‍ന്നത്‌. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വ്യക്തികള്‍ക്ക് വ്യക്തിത്വം എന്ന പോലെ ഓരോ രാജ്യത്തിനും അതിന്റെ ഭൂ പ്രകൃതിക്ക് അനുസരിച്ചുള്ള ഒരു സംസ്കാരം ഉണ്ട്. ഒരു ജീവിത രീതി ഉണ്ട്. അവിടുത്തെ ഭരണ ചക്രത്തിനും രാഷ്ട്രീയകാര്‍ക്കും വേറെ വേറെ രീതികളും മറ്റുമാനുള്ളത് . അത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളില്‍ വിജയിച്ചത് ഇവിടെ വിജയിച്ചു കൊള്ളണം എന്നില്ല.

ഒരു ലോറി സമരം മാസങ്ങള്‍ നീണ്ടാല്‍ ഉണ്ണാന്‍ അരി ഇല്ലാത്ത കേരളീയര്‍ ആണ് നമ്മള്‍. അതിനു തമിഴ് നാടിനെ അമിതമായി ആശ്രയിച്ചത് കൊണ്ടുള്ള പ്രത്യാഘാതം. ഓണത്തിന്നു പൂകളം ഇടാന്‍ പോലും തമിഴ്നാട്ടില്‍ നിന്നു പൂ വേണം. പടിഞ്ഞാറന്‍ ഉപഭോഗസംസ്കാരം പിന്തുടരുന്നത് പലപ്പോഴും അപകടത്തിലേക്ക് നയിക്കും . ഇന്നല്ലെങ്കില്‍ നാളെ. അത് പോലെ   കര്‍ഷകര്‍ ഉള്ള നാട്ടില്‍ ഇനി കൃഷി വേണ്ട എന്ന് പറയുന്ന മന്ത്രിമാര്‍, walmart പോലുള്ള സ്ഥാപനങ്ങള്‍ വന്നാല്‍ അതിലൂടെ കുറെ ഓഫര്‍ കിട്ടും എന്നും അതിലൂടെ ജീവിതം ലാവിഷ് ആക്കാം എന്ന് വിചാരിക്കുന്ന മധ്യ വര്‍ഗം ഒന്നാലോചിക്കുക. ഇവിടെ കാറില്‍ യാത്ര ചെയ്യാത്ത, നടന്നു പോകുന്ന ആളുകള്‍ ഉണ്ട് , ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും അതിനു വേണ്ടി കഷ്ട പെടുന്നവരും ഉണ്ട്.

ഞാനൊരു സാമ്പത്തിക വിദഗ്ദന്‍ ഒന്നുമല്ല. പക്ഷെ വൈദേശിക പണം കൊണ്ട് വന്നു ഇവിടെ കോടികള്‍ മുടക്കുന്നതിന് പകരം ഓരോ നാട്ടിലും അതാതു പ്രദേശത്തെ ആളുകള്‍ ലക്ഷങ്ങള്‍ ഇറക്കി നല്ല ഒരു വ്യവസായം തുടങ്ങുകയും അത് ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്യാന്‍ കഴിയുന്ന എത്രയോ പ്രൊജക്റ്റ്‌ കള്‍ ഉണ്ട്. ഇവിടെ കോടികളുടെ കിലുക്കം മാത്രം കേള്‍ക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം?


Inspired from shekhar kapoor's blog and adharsh