Tuesday, August 16, 2011

കുടജാദ്രി യാത്ര

ജീവിതം, കാലങ്ങളില്‍ നിന്നും കാലങ്ങളിലേക്കുള്ള യാത്ര ആണെന്ന് പറയുന്നത് ശരിയാവും. ചില മനുഷ്യരെങ്കിലും , മതില്‍ കെട്ടുകളില്ലാതെ അലഞ്ഞു നടന്ന ഒരു ഭൂതകാലത്തിന്റെ, സ്വത്വം തേടി, ചിലപ്പോഴെങ്കിലും, അലയാറുണ്ട്. കാടും , കടലും, മഴയും, മഞ്ഞും തേടി... സ്വാതന്ത്ര്യപൂര്‍വം അലഞ്ഞു നടന്നിരുന്ന പൂര്‍വ ജന്മങ്ങളുടെ സ്വാധീനം ആയിരിക്കാം അത്.

കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പോയ കുടജാദ്രി യാത്രയുടെ മധുര സ്മരണകളും, കാട്ടുപോത്ത് ഓടിപ്പിച്ചു വിട്ട ഭീതിയാര്‍ന്ന നിമിഷങ്ങളും മനസ്സിലെക്കോടിയെതിയപ്പോള്‍ ആണ് വീണ്ടും ഒരു കുടജാദ്രി യാത്രയെ പറ്റി ആലോചിക്കുന്നത്. കുടജാദ്രി യാത്രകള്‍ എപ്പോഴും പകര്‍ന്നു തന്നിട്ടുള്ളത് പുതുമയാര്‍ന്ന അനുഭവങ്ങളാണ്. മാത്രമല്ല, പ്രകൃതിയുടെ മനോഹാരിതക്കപ്പുറം ഇന്ദ്രിയാതീതമായ ഒരു എനര്‍ജി പലപ്പോഴും അങ്ങോട്ട്‌ ആകര്‍ഷിക്കുന്നു. പൊതുവേ മഴകാലത്ത് കുടജാദ്രിയില്‍ ആളുകള്‍ കുറവായിരിക്കും. അത് കൊണ്ടും കൂടിയാണ് മഴക്കാലം തിരഞ്ഞെടുക്കുന്നത്.

ജൂണ്‍ 17 നു വെള്ളിയാഴ്ച, പോകാനുള്ള തീവണ്ടി, കനത്ത മഴ മൂലമുണ്ടായ, പാളത്തിലെ തടസ്സം കാരണം റൂട്ട് മാറ്റി വിട്ടു എന്ന് അറിഞ്ഞപ്പോഴും ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. അടുത്ത തീവണ്ടിക്ക് കാത്തു നിന്നു. ഒടുവില്‍ പാതിരാത്രി ഏറണാകുളത്ത് നിന്നും യാത്ര തിരിക്കുമ്പോള്‍ ഇരിക്കാന്‍ സീറ്റ്‌ പോലും ഇല്ലായിരുന്നു. ലോക്കല്‍ ട്രെയിന്‍ യാത്രകള്‍ കുറച്ചു പ്രയാസം ആണെങ്കിലും നിരീക്ഷണ സ്വഭാവം എന്ന ശീലമുണ്ടെങ്കില്‍ അതൊരുപാട് ഉള്‍കാഴ്ച്ചകളും നേര്‍കാഴ്ച്ചകളും നമ്മള്‍ക്ക് നല്‍കും. സാധാരണക്കാരില്‍ സാധാരണക്കാരനായി ,ഔപചാരികതകളുടെ മാറാപ്പുകള്‍ ചുമക്കാതെ ഒരു സഞ്ചാരം.

കാലത്ത് മംഗലാപുരത്ത് എത്തി . അവിടെ നിന്നും ബസ്സില്‍ കൊല്ലൂരിലേക്ക് നാല് മണിക്കൂര്‍ യാത്ര. ഉച്ചയോടെ എത്തിയ ഞങ്ങള്‍ ആദ്യം ഭക്ഷണം കഴിച്ചു. കഴിഞ്ഞ വര്‍ഷം ചെയ്ത പോലെ മുഴുവന്‍ ദൂരവും നടക്കാന്‍ ഞങ്ങളുടെ സമയ പരിധി അനുവദിക്കുമായിരുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് റൂം എടുത്തു, കുളിച്ചു, വസ്ത്രം മാറി കുടജാദ്രിയിലേക്ക് പോകുന്ന ജീപ്പില്‍ സ്ഥാനം പിടിച്ചു. അവിടുത്തെ നാട്ടുകാര്‍ ആയ ജീപ്പുകാര്‍ കുടജാദ്രി എന്നല്ല പറയുക കൊടജാദ്രി എന്നാണു പറയുക. ആ ഉച്ചാരണം അന്വേഷിച്ചപ്പോള്‍ ആണ് കൊടജ എന്ന വാക്കും ആദ്രി എന്ന സംസ്കൃത വാക്കും കൂടിയാണ് ആണ് കൊടജാദ്രി ആയതെന്നു മനസിലായത്. സഹ്യപര്‍വത നിരകളിലെ പ്രകൃതി രമണീയമായ ഈ കൊടുമുടിയില്‍ ആണ് ശ്രീ ശങ്കരാചാര്യര്‍ തപസ്സു ചെയ്തത്.

കനത്ത മഴ മൂലം റോഡില്‍ മരങ്ങള്‍ വീണു കിടക്കുന്നത് കാണാമായിരുന്നു. കാട്ടില്‍ നിന്നും ഒലിച്ചു വരുന്ന വെള്ള ചാലുകള്‍ റോഡിലേക്ക് ഒഴുകുന്നതിന്റെ വളരെ നേര്‍ത്ത കള കളാരവം. ടാറിട്ട റോഡില്‍ നിന്നും ചെമ്മണ്ണിട്ട റോട്ടിലേക്ക് തിരിഞ്ഞപ്പോള്‍ റോഡിന്‍റെ അവസ്ഥ മഴ നനഞ്ഞു ചെളി ആയി ഒരു അവസ്ഥയിലായിരുന്നു. ഇത്തിരി സാഹസികമായ ഒരു ജീപ്പ് യാത്ര. നിത്യാഭ്യാസികള്‍ ആനയെ എടുക്കും എന്ന് പറഞ്ഞ പോലെ അവിടുത്തെ ജീപ്പ് ഡ്രൈവര്‍ മാര്‍ക്ക് ഈ ദുര്‍ഘട മാര്‍ഗങ്ങള്‍ ദിവസേന ഓടിച്ചു ശീലമായിരിക്കുന്നു. മല മുകളില്‍ ജീപ്പില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ സമയത്തെ കുറിച്ചോര്‍മിപ്പിച്ചു .

നാഗതീര്‍ഥത്തെ വണങ്ങി , മുകളിലേക്ക് കാലു വെയ്ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് കഴിഞ്ഞ വര്‍ഷം ഇവിടെ വെച്ചു മുടങ്ങിയ ഞങ്ങളുടെ യാത്രയെ കുറിച്ചാണ്. മനുഷ്യന്‍ ഒഴികെ ഒരു മൃഗവും ഭക്ഷണത്തിന്നു വേണ്ടി / ജീവരക്ഷക്ക് അല്ലാതെ ആരെയും വെറുതെ ഉപദ്രവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം. അന്ന് ഒറ്റയാനായ ഒരു കാട്ടു പോത്ത് ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും വിലക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ന് നിര്‍ത്തിയിടത്തു നിന്നു തുടങ്ങുന്നു. കോടമഞ്ഞു നിറഞ്ഞ താഴ്വരകള്‍ കണ്ടാല്‍ ആകാശം ഭൂമിയിലേക്കിറങ്ങി വന്നപോലെ തോന്നും. എങ്ങും പുതുമയുടെ പച്ചപ്പ്‌. കോടമഞ്ഞു നിറയുമ്പോള്‍, മുന്നിലും പിന്നിലും നടക്കുന്ന ആളുകള്‍ കണ്ണില്‍ നിന്നും മറയുമ്പോള്‍ നാം നമ്മെ മാത്രം അറിയുന്നു. സ്നേഹിക്കുന്നവനും, സ്നേഹിക്കപെടുന്നവനും എല്ലാം ഒന്ന് മാത്രം ആണെന്ന് നമ്മള്‍ അനുഭവിക്കുന്നു. ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. മനസ്സില്‍ ഒന്നുമില്ലാതെ, പ്രകൃതിയുമായി രമ്യതയിലെത്തുവാന്‍ കഴിയുന്ന ഏകാന്ത നിമിഷങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അവിടുത്തെ ഓരോ പച്ചിലകളിലും , മഞ്ഞിലും , ചാറി വീഴുന്ന മഴതുള്ളികളിലും നമ്മിലും ഒരു ചൈതന്യം ആണ് നിറയുന്നത് എന്ന് നാം മനസിലാക്കുന്ന നിമിഷങ്ങള്‍ അത്രമേല്‍ ധ്യാനാത്മകങ്ങള്‍ ആണ്.

ഒടുവില്‍ സര്‍വജ്ഞപീഠം, അദ്വൈത ദര്‍ശനങ്ങള്‍ അരുളിയ മഹാനുഭാവന്റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍, എത്തി. ശ്രീ ശങ്കരാചാര്യര്‍ ഒരു വിസ്മയമാണ്. ഒപ്പം ഒരു മലയാളി എന്നതില്‍ അഭിമാനവും.ഈ കൊച്ചു കേരളത്തില്‍ നിന്നും പുറപ്പെട്ടു ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം സന്ദര്‍ശിച്ചു ചെയ്ത കാര്യങ്ങള്‍ അത്രയ്ക്കധികം ഉണ്ട്. കേരളീയര്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കിലും ഒരു ഉത്തരെന്ത്യക്കാരന്നു അത് നിശ്ചയമായും അറിയാം. സമയം വൈകി തുടങ്ങിയിരുന്നു. ഇനി ചിത്രമൂല സന്ദര്‍ശിക്കാന്‍ സമയം ഇല്ല. അവിടെ പോയാല്‍ കുറച്ചു നേരമെങ്കിലും അവിടെ ചിലവഴിക്കണം. അല്ലാതെ ഓടി പോയി ആസ്വദിച്ചു വരുവാന്‍ പറ്റിയ സ്ഥലമല്ല. ചിത്രമൂല അടുത്ത പ്രാവശ്യം ആവട്ടെ എന്ന് മനസില്‍ കരുതി. ആ പ്രശാന്ത സുന്ദര സന്നിധിയില്‍ ഇരിക്കുമ്പോഴാണ് ഒരു നായ അവിടെ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അവിടെ നിന്നിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു ഈ നായകള്‍ വഴികാട്ടികള്‍ ആണെന്ന്. അത് ഞങ്ങള്‍ക്ക് അനുഭവം ഉള്ളതാണ് എന്ന് ഞങ്ങള്‍ പറഞ്ഞു . ഞങ്ങളുടെ കഴിഞ്ഞ യാത്ര ആ സുഹൃത്തിനു വിവരിച്ചു. വഴിയറിയാത ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ കഴിഞ്ഞ മഴകാലത്ത് ബസ്സിറങ്ങുമ്പോള്‍ കിലോമീറ്റര്‍ എഴുതിയ മൈല്‍ കുറ്റി മാത്രമല്ല സ്വാഗതം ചെയ്തത് ഒപ്പം ഒരു നായയും ഉണ്ടായിരുന്നു. ആദ്യം പേടി തോന്നിയെങ്കിലും, വഴിയറിയാത്ത ആ കാട്ടില്‍ പരസ്പരം കാണാത്ത കോടമഞ്ഞില്‍ മുന്നില്‍ നിന്നു വഴി കാട്ടിയായി ആ നായ ഞങ്ങളെ നയിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല.

കാട്ടില്‍ അവിടെയവിടെ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഹാന്‍സ് ന്റെയും, പാന്‍ മസാലകളുടെയും പാക്കറ്റുകളുടെ അവശിഷ്ടങ്ങള്‍, നഗരാസുരന്മാര്‍ പ്രകൃതിയിലേക്ക് നടത്തുന്ന അനാവശ്യവും, അപകടകരവുമായ കൈ കടത്തലുകള്‍ ഓര്‍മിപ്പിച്ചു. അതെന്നില്‍ ഉണര്‍ത്തിയത് ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ആയിരുന്നു. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ഒക്കെ ഏറി വരുന്ന ഈ സാഹചര്യത്തില്‍ വനങ്ങളെ സംരക്ഷിക്കാനും, പ്ലാസ്ടിക് ഒഴിവാക്കാനും നമ്മള്‍ കഴിവതും ശ്രമിക്കുക തന്നെ വേണം.ഭാവി തലമുറയോട് നമ്മള്‍ക്കുള്ള ഉത്തരവാദിത്വം കൂടിയാണത്.

സുഹൃത്തുക്കളോട് സംസാരിച്ചു കുറച്ചു സമയം കൂടെ ആ പരിസരത്ത് ചിലവഴിച്ചതിന്നു ശേഷം മെല്ലെ തിരിച്ചു നടന്നു. ഇരുളിന്റെ കനം കൂടി കൂടി വന്നു. കാടിന്റെ തനതു സംഗീതം അന്തരീക്ഷത്തില്‍ ലയിച്ചു. തിരിച്ചിറങ്ങുമ്പോള്‍ ഗണപതി ഗുഹ സന്ദര്‍ശിക്കുന്നതിനിടയില്‍ അവിടെ ഉള്ള ഒരു കച്ചവടക്കാരനോട് കന്നടയില്‍ കുശലം പറഞ്ഞു. ഇപ്പോള്‍ ഓഫ്‌ സീസണ്‍ ആണെന്നും ശനിയും ഞായറും മാത്രമേ ഇവിടെ വരികയുള്ളു എന്നും ബാക്കി എല്ലാ ദിവസവും "കണ്ടകൃഷി " (വയലില്‍ കൃഷി പണി) ആണെന്ന് ആ കച്ചവടക്കാരന്‍ പറഞ്ഞു. അവിടെ നിന്നും ചൂടുള്ള ഒരു ചായയും കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. ജീപ്പില്‍ തിരികെ പോരുമ്പോഴും മനസ്സില്‍ ചിത്രമൂല ആയിരുന്നു . ഒരു പക്ഷെ ആ നഷ്ടം അടുത്ത വരവിനൊരു കാരണം മാത്രം ആവാം. ലക്‌ഷ്യം പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും, വീണ്ടും വരണം എന്ന ഒരു ആഗ്രഹം മനസ്സില്‍ തളിര്‍ത്താല്‍ എല്ലാ യാത്രകളും സഫലമാണ് എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. സഞ്ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെയാണ് ഓരോ യാത്രികന്റെയും ലക്ഷ്യവും സംതൃപ്തിയും. അതില്‍ വരുന്ന ആകസ്മികതകളും, അനിശ്ചിതത്വങ്ങളും നമ്മള്‍ക്ക് പ്രോത്സാഹനങ്ങളും ആവേശവും ആകുന്നു.



Note: നന്ദി , മുന്നും പിന്നും നോക്കാതെ നടത്തുന്ന യാത്രകളില്‍ ഒപ്പമുണ്ടായ പ്രവീണിനും സൂരജ് നും ...