Friday, September 23, 2011

പേരും സ്ഥലവും കൃത്യമല്ല.

റം നിറച്ച ഗ്ലാസിനും ചുണ്ടിനുമിടയിലുള്ള ദൂരം.

ഓരോ സിഗരറ്റ് പുകയെടുപ്പിനും ഇടയിലുള്ള ദൈര്‍ഘ്യം.

ചായയില്‍ കുതിര്‍ന്നു വീഴുന്ന ബിസ്ക്കറ്റിന്റെ ആയുസ്സ് .

അടിവസ്ത്രത്തിന്റെ കളറുകളുടെ തിരഞ്ഞെടുപ്പ്.

പ്രണയങ്ങളുടെ പകിട കളി.

കനലാട്ടങ്ങള്‍ കാലിനെ പൊള്ളിക്കാതിരിക്കാന്‍

തക്കവണ്ണം വ്രതം എടുത്തിട്ടില്ലെങ്കിലും,

കെട്ടിയാടാന്‍ ഒരു കളിയാട്ടം

ആരോ ഏല്‍പ്പിച്ചിട്ടുണ്ട്.

പേരും സ്ഥലവും കൃത്യമല്ല.

അക്ഷാംശ രേഖക്കള്‍ക്കപ്പുറത്തു നിന്നും

തണുത്ത മരവിച്ച കൈകളുടെ

നനുത്ത സ്പര്‍ശം മാത്രം, ഓര്‍മയില്‍

തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു.

Monday, September 12, 2011

മാനസാന്തരങ്ങള്‍

എറണാകുളം സൗത്തില്‍ നിന്നും
നേരം പരപരാ വെളുപ്പിന്
കൊല്ലത്തേക്ക്
തീവണ്ടിയില്‍.
പാളിയ നോട്ടങ്ങള്‍
അങ്ങോട്ടും
ഇങ്ങോട്ടും.
ഞാന്‍ ഭദ്രം എങ്കിലോ എല്ലാം ഭദ്രം.
കൈകള്‍ ,
കക്ഷത്തില്‍ ക്ലചിലെന്ന പോലെ അമര്‍ത്തി
കൂട്ടിപിണച്ചു വെച്ചു.
ഉറക്കത്തിന്റെ ഗിയര്‍ ഇട്ടു.
തിരുവല്ല വരെ ശുഭ മരണം.
അവിടെ നിന്നും കയറിയ
വെളുത്ത രണ്ടു ആന്റിമാരുടെ
കളകൂജനം.
ഉറക്കത്തിന്റെ ഗിയര്‍ വഴുതുന്നു.
ഹേ, അതല്ല. :)
അവരുടെ ഉറക്കെയുള്ള സംഭാഷണങ്ങളില്‍ -
പുട്ടിനു തേങ്ങ പോലെ,
എസ് എം എസ്സിലെ 'ഡാ' വിളി പോലെ,
സംസാരത്തിലെ 'യു നോ' പോലെ,
ചൈനാ പടക്കം പോലെ ഇടയ്ക്കു ചീറ്റലോടെ,
കര്‍ത്താവിനു സ്തോത്രം.
ദൈവകാരുണ്യം.
മധ്യസ്ഥ പ്രാര്‍ത്ഥന.
അത്ഭുത പ്രവര്‍ത്തനങ്ങള്‍.
അടയാളങ്ങള്‍.
ഉറക്കം പോയ ഈ ഹതഭാഗ്യന്‍
കൊല്ലം പ്ലാറ്റ്ഫോമില്‍ കാലു കുത്തിയപ്പോള്‍
അറിയാതെ പറഞ്ഞു പോയി.
സ്തോത്രം ഗുരുവായുരപ്പാ സ്തോത്രം.
ഇന്‍ഷാ കൊടുങ്ങല്ലൂരമ്മേ,
ഇവര്‍ സൗത്തില്‍ നിന്നും കയറാഞ്ഞത്
അങ്ങയുടെ കാരുണ്യം.

ഈ കവിത ലൈക്കിയാല്‍ നിങ്ങള്‍ക്ക് ഓണം ബമ്പര്‍ ലോട്ടറി അടിക്കും.
ഒരാള്‍ ഇത് കൊള്ളില്ല എന്ന് പറഞ്ഞു അയാള്‍ക്ക്‌ ബാറില്‍ നിന്നും അടി കിട്ടി.