Thursday, April 8, 2010

ഒരു യാത്ര കുറിപ്പ്




ഒരു ദിവസം ഓഫീസില്‍ അഗാധമായ പണിയില്‍ മുഴുകിയിരിക്കുമ്പോഴാണ്. ഒരു വെളിപാടുണ്ടാകുന്നത് ...
എന്താ.....?
മൂകാംബികയില്‍ പോകണമെന്ന് ...
ഉടന്‍ സഹധര്‍മിനിയെ വിളിച്ചു പറഞ്ഞു...
ഞാന്‍ വെള്ളിയാഴ്ച മൂകാംബിക പോകുന്നു...
എങ്ങിനെ?
അറിയില്ല...
ആരാ കൂടെ..?
ഒറ്റക്കാണ്..
ശരി..
(അവള്‍ ഞെട്ടിയില്ല.. കാരണം, പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല്ല എന്നറിയാവുന്നതു കൊണ്ട് തന്നേയ്. സര്‍വോപരി അഹങ്കാരിയും അനുസരണയില്ലാത്തവനും എന്നസര്‍ട്ടിഫിക്കറ്റ് എനിക്ക് പണ്ടേ ഉണ്ട്.അതേ, നായയുടെ വാല് തന്നേ.)
ബങ്കളൂരില്‍ നിന്ന് വരുമ്പോഴും, നേരിട്ടുള്ള വണ്ടി കയറാതെ..സേലവും കോയമ്പത്തൂരും ഒക്കെ മാറി മാറി കയറി വരുമ്പോഴുള്ള ത്രില്‍ ഒന്ന് വേറെ തന്നേ ആണേ.ഒറ്റക്കുള്ള യാത്രകള്‍ ഒരു ഹരം ആണ്. ഒരിക്കലും അറിയാത്ത ആളുകളുടെ കൂടെ...ആരാലും തിരിച്ചറിയപ്പെടാതേ.... മണ്ണിന്റെ മണവും , സംസ്ക്കാരത്തിന്റെ വ്യത്യസ്ഥതകളും അനുഭവിച്ചുള്ള യാത്ര......

അങ്ങിനെ, ഗുഡ് ഫ്രൈഡേ രാത്രി എഴ് അന്‍പതിനുള്ള എറണാകുളം ഓഖ എക്സ്സ്പ്രസ്സില്‍ ഞാന്‍ കയറിയിരുന്നു. തനി ലോക്കല്‍ ആയി ലോക്കല്‍ ക്ലാസ്സില്‍ .സൈഡ് സീറ്റ്‌ തന്നെ കിട്ടി. മുന്‍പില്‍ ഒരു വയസന്‍ഇക്ക...
ഇത് കുന്താപുരം പോകില്ലേ... ഞാന്‍ ഇക്കയോട് ചോദിച്ചു..
പോകും ഇക്ക മറുപടിയും തന്നു.എന്റെ ചെറിയ ബാഗും മടിയില്‍ വച്ച് സീറ്റില്‍ സുഖമായി ചാരിയിരുന്നു..പുറപ്പെടുംപോഴെക്കും വണ്ടി ഫുള്‍ ആയി.
ഖലീല്‍ജിബ്രാന്റെ ഏകാകിയായ കവിയും കൂട്ടിന്നുണ്ട്.. അതിലെ ഓരോ കഥകള്‍ മനസില്‍ കൂട്ടിയും കിഴിച്ചും പുറത്തേക്കുനോക്കിയിരുന്നു. കുറേ നേരം. ആലുവയും അങ്കമാലിയും കഴിഞ്ഞപ്പോഴേക്കും വണ്ടി നിറഞ്ഞു...ആളുകള്‍നില്ക്കുന്നു പ്ലാറ്റ്ഫോമില്‍ കിടക്കുന്നു.അങ്ങനെ ഇരുന്നു ഞാന്‍ ഒന്ന് മയങ്ങി.

പിന്നേ കണ്ണ് തുറന്നത് കണ്ണൂര്‍ എത്തിയപ്പോഴാണ്.. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും ന്യായീകരിക്കില്ലെങ്കിലും ജയകൃഷ്ണന്‍ മാഷുടെ വധവും അതിന്റെ വിധിയും എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ ഉള്ള വിശ്വാസം പാടേ തകര്‍ക്കുന്നതായിരുന്നു. കണ്ണൂരില്‍ നമ്മുടെ ഇക്ക ഇറങ്ങി കേട്ടോ.. കണ്ണൂരിലെ ജന ജീവിതത്തെ കുറിച്ച് ആലോചിച്ചു ഉറങ്ങിപോയി,കണ്ണുതുറന്നതു മാഗ്ലൂര്‍സെന്ററില്‍ വണ്ടി നിറുത്തിയപ്പോള്‍ആണ്.പിന്നെ ഉറങ്ങിയില്ലാ. ഇറങ്ങേണ്ട സ്ഥലം അറിയില്ലല്ലോ.ഉടുപ്പിയില്‍ കുറച്ചു സമയം ട്രെയിന്‍ നിര്‍ത്തിയിട്ടു.
taayige baayalli jagavannu torita jagadhodhaaraka namma udupi shreekrishna.... എന്ന ചരണവും മൂളി അവിടെ കുറച്ചു നേരം,അടുത്ത സ്റ്റോപ്പ്‌ നമ്മുടെ കുന്താപുര. ഒരു ഹള്ളി റെയില്‍വേ സ്റ്റേഷന്‍ . പഴയ കന്നടയെല്ല്ലം ഓര്‍ത്തെടുത്തു. ആദ്യം കണ്ട ഓട്ടോകാരന്റെ മുകളില്‍ ആദ്യ കന്നഡ വധം...
കൊല്ലൂര്‍ ബസ്‌ എല്ലി ബരുതേ?
സിറ്റി ഹോഗ ബേക്ക് സര്‍..
എസ്ടു ആകുതേ ?
അറുപതു....സിക്സ്ടി രുപീസ്
ശരി,
അവിടെ നിന്നും ശാസ്ത്രി സിര്‍ച്ലെ വരെ ഓട്ടോയില്‍ പോയി. അവിടെ നിന്നും ബസില്‍ കൊല്ലൂര്‍ വരെ. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കണ്ടു കൊണ്ട് അതിരാവിലെ ഉള്ള യാത്ര മനോഹരമായിരുന്നു. ബസില്‍ നമ്മുടെ യേശുദാസിന്റെ പഴയ അയ്യപ്പഭക്തിഗാനങ്ങളുടേ കന്നഡ രൂപം കേട്ടുകൊണ്ടാണ് മൂകാംബികയില്‍ എത്തിയത്
നല്ല തിരക്ക്,ഒറ്റ ഹോട്ടലിലും റൂം ഇല്ല. അവസാനം ഇടുങ്ങിയ ഒരു റൂം കിട്ടി. കുളി കഴിഞ്ഞു പരിഷ്കാരത്തിന്റെ വേഷങ്ങള്‍ അഴിച്ചു വെച്ച് കാഷായ വസ്ത്രത്തിലേക്ക്‌ മാറി, അമ്പലത്തിന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ കണ്ണിലുടക്കിയ കാഴ്ച, ഒരു പശുവിനെ ഒരാള്‍ വാത്സല്യപൂര്‍വ്വം തഴുകുന്നതാണ് കര്‍ണാടകയില്‍ എല്ലാരും അങ്ങിനെ ആണ്. അവര്‍ പശുവിനെ ബഹുമാനിക്കുന്നു.

മെല്ലെ എല്ലാ ചിന്തകളെയും വെടിഞ്ഞു,ആ തിരു സന്നിധിയിലേക്ക്. സര്‍വ കലകളുടെയും ദേവിയായ ദേവി മൂകാംബികയുടെ തിരു നടയില്‍ നമ്ര ശിരസ്കനായി കുറച്ചു നേരം. ക്യു നിന്ന് തൊഴാന്‍ പണ്ടേ ഇഷ്ടം കുറവാണ്. അത് കൊണ്ട് അവിടെ ഗോപുരനടയില്‍ ഞാന്‍ എന്നിലേക്ക്‌ നോക്കിയിരുന്നു കുറച്ചു നേരം. തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ കയറുമ്പോള്‍ ഒരു ശബ്ദം, പതിനഞ്ചു രൂപയുടെ ടിക്കറ്റ്‌ എടുത്താല്‍ തിരക്ക് ഒഴിവാക്കി തൊഴാം. അങ്ങിനെ കാശ് കൊടുത്താല്‍ എളുപ്പം പ്രസാദിക്കുന്ന ഒരു ദൈവത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഞാന്‍ അതവഗനിച്ചു. ഒടുവില്‍ കാത്തിരുന്ന ദര്‍ശനം ... കണ്ണുകളില്‍ അശ്രുക്കളോടെ"ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന് പ്രാര്‍ഥിച്ചു പ്രദക്ഷിണം വച്ച് മെല്ലെ പുറത്തേക്ക് ഇറങ്ങി . എല്ലാരുടെയും മുഖങ്ങളില്‍ ഒരു വെളിച്ചം.

ഞാന്‍ മെല്ലേ പുറത്തേയ്ക്ക് കടന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ എല്ലായിടത്തും തിരക്ക്. ചപ്പാത്തിയും കാപ്പിയും കുടിച്ചു ഞാന്‍ റൂമിലേക്ക്‌ നടന്നു. പിന്നേ എന്റെ ക്യാമറയുമായി ഒരു കറക്കം. പുസ്തക കടകളില്‍ ഒരു റൗണ്ട് അടിച്ചു ഒടുവില്‍, പണ്ടെങ്ങോ പകുതി വായിച്ച ഒരു യോഗിയുടെ ആത്മകഥ സ്വന്തമാക്കി. ഇനി സൌപര്‍നികയിലേക്ക്. എം.ടി യുടെ തീര്‍ത്ഥാടനം എന്ന കഥ മനസിലേക്ക് ഓടിയെത്തി. വെള്ളം കുറവാണ്. എങ്കിലും ഈ തീരത്തിന് വശ്യമായ ഒരു മനോഹാരിതയുണ്ട്.കുറച്ചു നേരം ആ പടവുകളില്‍ ഇരുന്നു. തിരിച്ചു റൂമിലേക്ക്‌ നടന്നു,കുടജാദ്രിയിലേക്ക് പോകാന്‍ പ്ലാന്‍ ഇല്ലായിരുന്നു. അത് കൊണ്ട് ഒന്ന് കൂടെ തൊഴുതു പോകാം എന്ന് കരുതി അമ്പലത്തിലേക്ക് നടന്നു. വീണ്ടും തിരക്ക്.. ഉച്ചക്ക് ദേവി തേരില്‍ കയറി പുറത്തേയ്ക്ക്. കുറച്ചു നേരം അവിടെയിരുന്നു. ഇനിയും ഈ പുണ്യഭുമിയില്‍ വരാന്‍ കഴിയണേ എന്ന് ആഗ്രഹിച്ചു കൊണ്ട് തിരിച്ചുള്ള യാത്ര തുടങ്ങി ,കുന്താപുര സ്റ്റേഷനിലേക്ക്.

ശാസ്ത്രി നഗര്‍ വരെ ബസില്‍ പോയി,വീണ്ടും ഓട്ടോയില്‍ കുന്താപുരത്തെക്ക്. ഓട്ടോ ഡ്രൈവര്‍ക്ക് നേരേ നമ്മുടെ കന്നഡ വധം. ആകെ അഞ്ചു കിലോ മീറ്റര്‍ ആണ് ദൂരം അതിന്നു അറുപതു രൂപ. അതെങ്ങിനെ കുറയ്ക്കാം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം. അവസാനം അയാള്‍ പറഞ്ഞു ഇത് ഫിക്സെഡ് റേറ്റ് ആണ്.ശരി. . വണ്ടി 6 മണിക്കെയെത്തു.ഒരു മണികൂര്‍ താമസം ഉണ്ടെന്നു ടിക്കറ്റ്‌ കൌണ്ടെറില്‍ നിന്നറിഞ്ഞു. സമയം 4 മണി ആയതേയുള്ളൂ. അതൊരു നല്ല സ്ഥലം ആയിരുന്നു. എങ്ങും മലയാളം മാത്രം മുഴങ്ങി. ഒരു ഒതുങ്ങിയ മൂലയില്‍ കയ്യില്‍ ഒരു കുപ്പി വെള്ളവും, ഒരു പാക്കെറ്റ് ഗുഡ് ഡേ ബിസ്കറ്റും ആയി ഇരുന്നു ഞാന്‍ എന്റെ പുസ്തകം തീറ്റ തുടങ്ങി .യോഗിയുടെ ബാല്യകാലം ഒരു വിധം വായിച്ചു കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു നടന്നു. വീണു കിടക്കുന്ന മഞ്ഞ നിറമുള്ള പൂവുകള്‍,ആകെ കൂടി ഒരു നല്ല രസം. അധികം ആളുകളില്ലാത്ത സ്ഥലം. നീണ്ടു കിടക്കുന്ന പാളങ്ങളുടെ ഒരു സ്നാപ്പും എടുത്തു എകാന്തതയുടെ സുഖവും നുകര്‍ന്ന് കൊണ്ട് ഒരു മണിക്കൂര്‍. എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് തീവണ്ടി വരുന്നതിന്റെ സൗണ്ട്.വീണ്ടും ലോക്കല്‍ ആയി ലോക്കല്‍ കംപാര്‍ട്ട്മെന്റിലേക്കു.ഭാഗ്യം.. വീണ്ടും സൈഡ് സീറ്റ്‌.ഒരു നല്ല യാത്രയുടെ സ്മൃതികളും അയവിരക്കിക്കൊണ്ടൊരു മടക്കയാത്ര. ഇടയ്ക്കിടെ മയക്കവും.....