Wednesday, July 13, 2016

അപ്രത്യക്ഷമാകുന്ന ചിലത്

അതൊരു പുതിയ സ്ഥലം ആയിരുന്നു… വേറെ എവിടെയോ …
ഏക്കറുകളോളം പരന്നു കിടക്കുന്നത്. മനോഹരമായി വെട്ടി നിരത്തിയ പുല്ലുകൾ. അതിനിടയിൽ കാറ്റാടി പോലെയുള്ള മരങ്ങൾ. അതിനു ചുവട്ടിൽ ഉയരം കൂടിയ കസേരകളും മേശകളും . അതിന്റെ ഒരു ഭാഗത്ത്‌ സെമിത്തേരി ആയിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ കോഫി ഷോപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു സെമിത്തേരിയിൽ തന്നെ ആണ് .
ഞാനും എന്റെ സഹപ്രവർത്തകയും കൂടി പുതിയതായി ഇറങ്ങാൻ പോകുന്ന ഒരു ബർഗർന്റെ ബ്രാൻഡ്‌ ലോഞ്ച് കോണ്‍സെപ്റ്റ് ആലോചിക്കുകയായിരുന്നു.
ഞങ്ങൾ കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ, അവിടെ ആളുകളുടെ ശവമടക്ക് നടക്കുകയും അത് കഴിഞ്ഞു അവരുടെ ബന്ധുക്കൾ ആ മരങ്ങളുടെ അടിയിൽ കസേരകളിൽ ഇരുന്നു കോഫീ കുടിക്കുകയും തിരിച്ചുപോകുന്നുണ്ടായിരുന്നു.
ഞങ്ങൾ ക്രേസി ആയിട്ടുള്ള പല ഐഡിയകളും പറയുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോൾ ഞങ്ങള്ക്ക് പരിചയമുള്ള ഒരു സെലെബ്രിടി അവിടെ വന്നു. അയാളോട് ഞങ്ങൾ ഹായ് പറയുകയും എന്താണ് പുതിയ പരിപാടികൾ എന്ന് ഞങ്ങളോട് തിരിച്ചു ചോദിക്കുകയും ചെയ്തു. എന്നിട്ട് അദ്ധേഹത്തിന്റെ സുഹൃത്തിന്റെ കൂടെ അടുത്ത മരച്ചുവട്ടിലേക്ക് പോയി.
ഞാൻ അവളോട്‌ പറഞ്ഞു “ ഒരു കിടിലം ഐഡിയ ഉണ്ട് ”
അവൾ ആകാംക്ഷ ഒരു ചിരിയിൽ ഒളിപ്പിച്ചു ചോദിച്ചു “what’s that Holy shit?’
അവൾ ഉറക്കെയുള്ള ചിരിയോടെ, “what?”

അവൾ പറഞ്ഞു “ ആ സെലെബ്രിടി യോട് ഞാൻ സംസാരിച്ചു . അയാൾക്ക്‌ ഐഡിയ ഇഷ്ടപ്പെട്ടു . ഞാൻ അപ്പൊ തന്നെ ക്ലയന്റ് നെ വിളിച്ചു പറഞ്ഞു . സെലെബ്രിടി ഉണ്ടെന്ന് പറഞ്ഞപ്പോൾ അയാള് ഓക്കേ പറഞ്ഞു ”

“ബർഗർന്റെ പരസ്യം നമ്മള്ക്ക് ഇയാളെ വെച്ച് ചെയ്താലോ ? “
“ബണ്ണുകളുടെ ഇടയിൽ patty ആയി നമ്മള്ക്കിയാളെ വെയ്ക്കാം . മഞ്ഞയും പച്ചയും ചുവപ്പും ഒക്കെ ഉള്ള ഒരു കൊസ്റ്യുംസ് ഒക്കെ ഇട്ട് അയാളെ അതിനിടയിൽ വെച്ചാൽ മതി ”
“ waw, അത് തകർക്കും . എനിക്ക് നല്ല കിടിലൻ ലൈൻസ് ഉം വരുന്നുണ്ട് . അത് വിഷ്വലൈസ് ചെയ്യാൻ തന്നെ എന്ത് കിടിലം ആണ് .”
“ഒരു മിനിറ്റ് ഒരു റഫ് സ്കെട്ച് ഞാൻ ഇപ്പൊ ശര്യാക്കാം ” ഞാൻ എന്റെ സ്ക്രിബ്ബ്ലിംഗ് പാഡ് ഇൽ അത് വരക്കാൻ തുടങ്ങി.
അവള്ക്കൊരു കാൾ വന്നപ്പോൾ അതെടുത്തു സംസാരിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
വരയ്ക്കുന്നതിനിടയിൽ , കുറച്ചപ്പുറത്ത്‌ ഒരു വൃദ്ധ ദമ്പതികൾ കല്ലറകൾക്കിടയിൽ നില്ക്കുന്നത് കണ്ടു . അവർ അങ്ങോട്ട്‌ തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല . വേഷവിധാനത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും അവർ വൃദ്ധർ ആണ് എന്ന് ഞാൻ ഊഹിചെടുത്തതാണ്. തല സാരി കൊണ്ട് മൂടിയ ആ സ്ത്രീ ഇടയ്ക്കിടക്ക് അയാളുടെ കൈകളിൽ അമർത്തി പിടിക്കുന്നത്‌ കാണാമായിരുന്നു .
കുറച്ചു നേരം അവർ അങ്ങിനെ നിന്ന ശേഷം തിരിച്ചു വരികയും , ഞങ്ങളുടെ അപ്പുറത്തെ മരചുവട്ടിൽ സംസാരിച്ചിരുന്ന ആളുകളോട് എന്തോ പറയുന്നുണ്ടായിരുന്നു . പ്രായത്തിൽ നിന്നും, മുഖ സാദ്രിശ്യങ്ങൾ കൊണ്ടും , അവരുടെ മക്കളും മരുമക്കളും ആവും എന്ന് ഞാൻ (വീണ്ടും) ഊഹിച്ചു. മൂന്നു ആണുങ്ങളും രണ്ടു പെണ്ണുങ്ങളും . ഇത്തിരി നേരത്തെ സംസാരത്തിന് ശേഷം അതിലൊരുവൻ കോഫിഷോപിന്റെ (സെമിത്തെരിയുടെയും) ഉടമസ്ഥൻ ഇരിക്കുന്ന സ്ഥലത്ത് പോയി . അവിടെ മാത്രം തീരെ ഉയരം കുറഞ്ഞ കസേരകൾ ആയിരുന്നു . അതിലൊന്നിൽ ഇരുന്നിരുന്ന ഉടമസ്ഥനോട് അയാള് എന്തോ പറയുകയും അയാള് തലയാട്ടുകയും ചെയ്തു. അതിനുശേഷം ബലിഷ്ടരായ രണ്ടു മധ്യവയസ്കർ പ്രത്യക്ഷപെട്ടു. ഒരാളുടെ കൈയ്യിൽ ഒരു കൈക്കോട്ടും, മറ്റൊരാളുടെ കൈയ്യിൽ ഒരു കമ്പിപാരയും ഉണ്ടായിരുന്നു. അവർ വന്നയാളുടെ കൂടെ തിരികെ പോന്നു.
വൃദ്ധദമ്പതികളും മരത്തിനു ചുവട്ടിൽ ഇരുന്ന സംഘവും ഉടമസ്ഥന്റെ രണ്ടു ആളുകളും കൂടെ സെമിത്തേരിയുടെ അറ്റത്തേക്ക് നടന്നു.
”sorry man , ബോറടിച്ചോ ” അവൾ ഫോണ്‍ വെച്ച് കൊണ്ട് കസേരയിൽ ഇരുന്നു.
ഞാനിപ്പോ വരാം എന്ന് പറഞ്ഞു ഞാൻ ആ സംഘത്തിന്റെ പിന്നാലെ നടന്നു .
അവിടെ നിറച്ചും മരങ്ങൾ ആണ്. മനോഹരമായ ശാന്തമായ അന്തരീക്ഷം . പുതിയ മൃതദേഹങ്ങൾ വരുമ്പോൾ മരങ്ങൾ വെട്ടുകയും കല്ലറകൾ പണിയുകയും ചെയ്യുന്നു. അവസാനമായി അടക്കം ചെയ്തെന്നു തോന്നിപ്പിച്ച ഒരു കല്ലറയുടെ അടുക്കൽ അവർ നിന്നു. അതിനപ്പുറത്ത് രണ്ടു പുതിയ കല്ലറകളുടെ മുകൾ ഭാഗം തുറന്നു കിടന്നിരുന്നു.
ഞാൻ സംഘത്തിൽ ഒരാളെ പോലെ നിന്നു. വൃദ്ധദമ്പതികൾ കെട്ടി പിടിച്ചു നിസന്ഗമായ ഭാവത്തോടെ മക്കളുടെയും മരുമക്കളുടെയും മുഖത്തേക്ക് നോക്കി. രണ്ടുപേരും ആ കല്ലറകളിൽ ഇറങ്ങി കിടന്നു.
ഉടമസ്ഥന്റെ ആളുകൾ, കല്ലറയുടെ തല ഭാഗത്ത്‌ നില്ക്കുന്നു. അവരുടെ കൈയ്യിൽ കല്ലറ മൂടാനുള്ള വലിയ കല്ലുകൾ ഉണ്ടായിരുന്നു. ഒരു തിരക്കും ഇല്ലാത്തവരെ പോലെ ഒരു ഭാവവിത്യാസവുമില്ലാതെ ഏതോ ഒരു കല്പന പ്രതീക്ഷിചിട്ടെന്നപോലെ അവർ നിന്നു.
വൃദ്ധ കിടന്നയുടനെ കണ്ണുകൾ അടച്ചു. കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. അവരുടെ ചുണ്ടുകളിൽ വിടരാൻ വെമ്ബുന്നൊരു പുഞ്ചിരിയും.
വൃദ്ധന് ഷർട്ട്‌ ഇടുന്നത് ഇഷ്ടമില്ലായിരുന്നിരിക്കും (വീണ്ടും ഊഹം ) അയാള് ഷർട്ട്‌ അഴിച്ചു വെച്ച് കയ്യില്ലാതൊരു ബനിയൻ മാത്രമാണ് ധരിച്ചിരുന്നത്. കിടന്നിരുന്ന അയാള് എന്നെ തല കൊണ്ട് മാടി വിളിച്ചു. ആ ഷർട്ട്‌ ന്റെ പോക്കറ്റ്‌ ഇൽ ഉള്ളത് എടുത്തു കൊടുക്കാൻ പറഞ്ഞു. അതിലുണ്ടായിരുന്ന ഒരു കെട്ട് വെള്ള കാജാ ബീഡിയും ആയിരത്തിന്റെ ഒരു നോട്ടും ഞാൻ എടുത്തു കൊടുത്തു. കാലിനു മുട്ടിനു താഴെ ചൊറിയുന്നുന്ടെന്നു പറഞ്ഞു . ഞാൻ ചൊറിഞ്ഞു കൊടുത്തു. അയാള് കാജാ ബീഡിയും ആയിരത്തിന്റെ നോട്ടും നെഞ്ചോടു ചേർത്ത് വെച്ചു. കണ്ണുകൾ അടച്ചു. ആ സമയം വരാൻ കാത്തു നില്ക്കുകയായിരുന്നു എന്ന് തോന്നിപ്പിക്കും വിധം പുറകിൽ നിന്നവർ രണ്ടു കല്ലറകളുടെയും മുകൾ ഭാഗം അവരുടെ കയ്യിലുണ്ടായിരുന്ന കല്ലുകൾ കൊണ്ട് മൂടി. അത് കാണാൻ സാധിക്കില്ലെന്ന പോലെ ഞാൻ തിരിച്ചു നടന്നു.
ശ്വാസം കിട്ടാതെ അവരുടെ കൈ കാലുകൾ പിടയ്ക്കുന്നതിന്റെ ദ്രശ്യങ്ങൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു. സിനിമയിലാണെങ്കിൽ ആ മരങ്ങളുടെ ഇടയിൽ നിന്നും ഒരു കൂട്ടം കാക്കകൾ പറന്നു പോയേനെ.
ഞാനിരുന്ന മരച്ചുവട്ടിലേക്ക് മടങ്ങി. അവൾ ഫോണിൽ clash of clans (game) ന്റെ യുദ്ധത്തിൽ ആയിരുന്നു. ഞാൻ വന്നതും അവൾ യുദ്ധം നിർത്തി , തല ഉയർത്തി “എന്തായിരുന്നു അവിടെ ?’ എന്ന cliche ചോദ്യം ചോദിച്ചില്ല .
ഞാൻ കോഫി ഒരു സിപ് കുടിചിട്ട്, ” അല്ലെങ്കിലും നീ ഒടുക്കത്തെ സ്പീഡ് അല്ലെ”
വൃദ്ധദമ്പതികളുടെ ബന്ധുക്കൾ അപ്പുറത്തെ അവരുടെ കസേരകളിൽ ഇരുന്നു ഒന്നും സംഭവിക്കാത്തത് പോലെ കോഫി കുടിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കുറച്ചു നേരം കൂടെ ഞങ്ങൾ അവിടിരുന്ന ശേഷം ബിൽ കൊടുക്കാനായി ഉടമസ്ഥൻ ഇരിക്കുന്ന സ്ഥലത്തേക്ക് പോയി. അപ്പോഴാണ്‌ അടുത്തുള്ള ഒരു കെട്ടിടം ശ്രദ്ധിച്ചത്.
‘അതെന്താണ് ?’ ഞാൻ അയാളോട് ചോദിച്ചു.
“വരൂ, കാണിച്ചു തരാം. ”
വാതിൽ തുറന്നപ്പോൾ ഒരു ഹാൾ. അതിൽ നിറയെ വഴി കണ്ടുപിടിക്കാനുള്ള puzzle പോലെ, ഇടുങ്ങിയ ഒരാൾക്ക്‌ കഷ്ടിച്ച് ഇരുന്നും ചരിഞ്ഞും ഒക്കെ കടന്നു പോകാൻ പറ്റിയ എന്നാൽ നിറയെ സുഷിരങ്ങൾ ഉള്ള ഇടുങ്ങിയ വഴികൾ . വളഞ്ഞും ഉള്ളിലൂടെ കടന്നും ഒക്കെ പോകുന്ന ആ വിത്യസ്തമായ വഴികൾ അവസാനം എത്തുന്നത്‌ ഒരാൾക്ക്‌ ശരിക്കും നിവര്ന്നു നില്കാൻ പാകത്തിലുള്ള ഒരു ഭാഗത്താണ്.
ഉടമസ്ഥൻ ഞങ്ങളോട് പറഞ്ഞു.” കുട്ടികളെ വളർത്തുന്ന സ്ഥലമാണ് . ഒരു ബാച്ച് ഇന്നലെ കഴിഞ്ഞു. അടുത്ത ബാച്ച് നാളെ തുടങ്ങും. ഇന്ന് അവധിയാണ്.”
നന്ദിസൂചകമായി അയാളോട് തലയാട്ടി കൊണ്ട് ഞങ്ങൾ അവിടെ നിന്നിറങ്ങി.
മരങ്ങൾ നിറഞ്ഞ ഭാഗത്തിന്റെ എതിർ വശത്തേക്ക് ഞാനും അവളും നടന്നു . അവിടെയാണ് കോഫി ഷോപ്പ് ന്റെ മുൻഭാഗം. പാർക്കിംഗ് ഇൽ നിന്നും അവൾ കാർ എടുത്തു വരുമ്പോഴേക്കും ഞാൻ ഒരു സിഗരെറ്റെടുത്ത്‌ വലിച്ചു തുടങ്ങി.
നീണ്ടു കിടക്കുന്ന റോഡുകളിലെ ഏതോ ട്രാഫിക്കിൽ കുരുങ്ങി കിടക്കുന്ന ഒരു ഹോണ്‍ ശബ്ദതിനുള്ളിലേക്ക് ഞങ്ങളുടെ കാർ കയറി അപ്രത്യക്ഷമായി.

Saturday, October 4, 2014

ഒളിച്ചുകളി


നീ നിർത്തിയിടത്ത് നിന്നും ഞാൻ തുടങ്ങുകയാണ് . പലപ്പോഴും രാത്രി കിടക്കുന്നതിനു മുൻപേ, താൻ  അന്നത്തെ ദിവസം ഡയറിയിൽ പകർത്തുമ്പോൾ കളിയായിട്ടും അല്ലാതെയും വഴക്കിട്ടിട്ടുണ്ട് . "ന്താ നാളെ ചാവാൻ പുവ്വാണോ" എന്ന് പോലും ചോദിച്ചിട്ടുണ്ട്.

നിന്റെ പതിഞ്ഞ ചിരിയുടെ തണുപ്പ് ഇപ്പോഴും ഈ മുറിയിലുണ്ട് .
------------------------------------------ ------------------------------------- -------------------------

കാലത്ത് തന്നെ തിരക്കിട്ട് , മഞ്ഞയിൽ വെള്ള പൂക്കളുള്ള സാരി ഉടുത്ത്  തുണി കടയിൽ ജോലിക്ക്   പോകാൻ നിൽക്കുമ്പോൾ കമല ചിറ്റ മൂക്കത്ത് കൈ വെച്ച് ചോദിച്ചതാ .
"അടിയന്തിരം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ കുട്ട്യേ , ഭർത്താവ്മരിച്ച പെണ്ണുങ്ങള് ഇങ്ങനെയൊക്കെ ഒരുങ്ങി നടക്കാൻ പാട്വോ ? "

അതിനു വിനോദ് എങ്ങടും പോയിട്ടില്ലല്ലോ , എഴുതാനുള്ള മൂഡിനു വേണ്ടി തൊടിയിൽ നടക്കുന്നുണ്ടാവും. അത് പറഞ്ഞാൽ കമല ചിറ്റക്ക്  മനസിലായി കൊള്ളണം എന്നില്ലല്ലോ .
--------------------- ------------------------ -------------------------------

ആദ്യ ദിവസങ്ങളിലെ സഹതാപവും , എന്റെ സങ്കടമില്ലാത്ത മുഖം കാണുമ്പോഴുള്ള അതിശയവും പെട്ടെന്ന് തന്നെ നീങ്ങി. മാസങ്ങൾ കഴിയുന്തോറും അതിങ്ങനെ ആയി തുടങ്ങി  "നീ ഇപ്പോഴും ചെറുപ്പാ... ആണ്കൊച്ചല്ലേ ... അവൻ വളർന്നോളും... നീ ഒന്നോടെ കേട്ട്യാലും കുഴപ്പമൊന്നുമില്ല . മനുഷ്യന്മാര്ക്ക് ആഗ്രഹങ്ങളും ഒക്കെ ഉണ്ടാവൂലെ"
കടയിലെ ശാന്തമ്മ ചേച്ചീടെ ഉപദേശം ആണ്.

------------------------ -------------------------------- -----------------

രാത്രി മനുകുട്ടനെ കെട്ടി പിടിച്ചു കട്ടിലിൽ കിടക്കുമ്പോൾ, താൻ രാത്രി ഓഫീസിൽ നിന്നും ലേറ്റ് ആയി വരുമ്പോൾ ഒച്ച താഴ്ത്തി എന്നെ വിളിക്കുന്നതും  ചെവിയോർത്തു കിടക്കും.  മനു  പത്താം ക്ലാസ് ജയിച്ചു കേട്ടോ . . ഇപ്പൊ വല്യ ചെക്കനായി .

---------------------- ------------------------------ -------------------------

കട വലുതാക്കി, ഇപ്പൊ വിൻസെൻറ്  മുതലാളീടെ മോൻ ആണ് വരുന്നത്.  അവാനാനെങ്കിൽ എന്നെ കണ്ടാൽ തമാശ കൂടുതലും ദേഹത്ത് തട്ടലും ഒക്കെ കൂടീട്ടുണ്ട്. ഒരൂസം അവനെ വിളിച്ചു കടുപ്പിച്ചു പറഞ്ഞു. ഞാൻ വിനോദ് നെ വിളിച്ചു വരും എന്ന്. അവന്റെ കണ്ണിലെ പേടി കാണണം . അതിൽ പിന്നെ അവനും പറയാൻ തുടങ്ങീട്ടുണ്ടാവും. അഞ്ചാറു കൊല്ലം ആയിട്ടും വിനോദ് ന്റെ പെണ്ണിന്റെ ലൂസ് ഇപ്പോഴും ശര്യായിട്ടില്ല എന്ന് .
---------------------------------- ----------------------------------- ----------------------------

നിന്റെ ഡ്രസ്സ്‌ ഒക്കെ അലക്കി വെയ്ക്കാറുണ്ട്. നിന്റെ പുസ്തകങ്ങൾഒതുക്കി വെയ്ക്കുകയും പുതിയ ചിലത്മേടിച്ചിട്ടുമുണ്ട്. ഇതൊക്കെ കാണുമ്പോൾ അമ്മ ആദ്യം കരയുമായിരുന്നു. ഇപ്പോഴും ഇടയ്ക്കു ചോദിക്കും. എന്തിനാ മോളെ ഇങ്ങനെ ഓർമിപ്പിക്കുന്നത് എന്ന് .

---------------------- ----------------------------------- --------------------------------------

പൂരത്തിന് പോയപ്പോ കുപ്പി വളകൾ കണ്ടു മേടിച്ചു. നിനക്കിഷ്ടമായിരുന്നല്ലോ . മനുകുട്ടൻ  വീട്ടിൽ വന്നപ്പോ പൊട്ടിത്തെറി.
" അമ്മേടെ തല നരച്ചു തുടങ്ങിയല്ലോ . ഇപ്പോഴും  കുപ്പി വളയാണോ ഇടാൻ പോകുന്നത്. എന്റെ കൂട്ടുകാര് ഒക്കെ ഓരോന്ന് പറഞ്ഞു തുടങ്ങി . അച്ഛൻ മരിച്ച താനെന്നുള്ള ബോധം ഒന്നും അമ്മക്കില്ലേ . "

വയസ്സ് പതിനാറു ആയപ്പോൾ തന്നെ അവൻ വേറെ റൂമിലേക്ക്‌ കിടപ്പ് മാറ്റി.

-------------------------- ------------------------------- ----------------------------------

ശരിയാ, എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു. ഒതുങ്ങി കഴിയേണ്ട സമയമായി. മനുകുട്ടന്  വയസ്സ് 18 ആയി. സ്വന്തം തീരുമാനങ്ങൾ ഒക്കെ എടുക്കാൻ പ്രാപ്തി ആയി. അമ്മയ്ക്ക്  വയ്യാതെ അനിയന്റെ അവിടെ ആണ് ഇപ്പൊ താമസം.

-------------------------- -------------------------------------- -----------------------------

നമുക്കീ  ഒളിച്ചു കളി നിർത്താം. ടൌണിലെ വളക്കടയിൽ നിന്നും  വാഴയ്ക്ക് അടിക്കാൻ മേടിച്ചത് കുറച്ചു  പഴത്തിന്റെ കൂടെ കഴിച്ചിട്ടുണ്ട്. തൊടിയിൽ നടക്കാൻ ഞാനും ഒപ്പം വരാം. നിന്റെ വെള്ള ലിനൻ ഷർട്ട്‌ കഴുകി എടുത്തു വെച്ചിട്ടുണ്ട്. അതിൽ ഒരു ചെറിയ മുഷിവു പോലും നിനക്ക് സഹിക്കില്ലല്ലോ.

Monday, July 29, 2013

ഒരു വനമുണ്ടെൻറെയുള്ളിൽ.


ഒരു വനമുണ്ടെൻറെയുള്ളിൽ.

ഈ നിമിഷത്തിൽ കുരുത്തത് മുതൽ വർഷങ്ങൾ പിന്നിട്ട ആൽമരങ്ങൾ വരെ ഉൾപെടും .

ഒരു വനമുണ്ടെൻറെയുള്ളിൽ.

അതെ, പറയാൻ മറന്നു .

അവയുടെ എല്ലാം വേരുകൾ മുകളിലേക്കാണ്. നീലാകാശത്തിലെക്ക്, വേരുകൾ പടരുന്നവ .
അതിലൂടെ ,വെയിൽകതിരുകൾ തിന്നു കൊണ്ട് ചില്ലകൾ  താഴോട്ടു വളരുന്നു.
കാർമേഘങ്ങളിൽ നിന്നും ഭൂമിയിലെത്തും മുൻപേ , ജലത്തുള്ളികൾ ശേഖരിയ്ക്കുന്ന വേരുകൾ.
കഴിഞ്ഞു പോയ ദിവസങ്ങളുടെ കർമഫലങ്ങളാൽ തടിച്ച ചില വേരുകൾ .
 കാലത്തിനെതിരെ പായുന്ന കുതിരകളുടെ കൊമ്പ് കണ്ടെത്താൻ പരതുന്ന ചില നേർത്ത വേരുകൾ


ഒരു വനമുണ്ടെൻറെയുള്ളിൽ.


താഴേക്ക്  പടരുന്ന ചില്ലകളും മുകളിലേക്ക് പോകുന്ന വേരുകളും ഉള്ള മരങ്ങൾ നിറഞ്ഞ വനം . 

Thursday, July 25, 2013

ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്.

സെമിത്തെരികളിൽ പോകുമ്പോൾ അവിടെയുള്ള വിവിധ വില നിലവാരത്തിലുള്ള കല്ലുകളിൽ കൊത്തി  വെച്ച പേരുകളും തിയ്യതികളും കൌതുകത്തോടെ നോക്കാറുണ്ട്. ജനന തിയ്യതിയുടെയും മരണതിയ്യതിയുടെയും ഇടയിൽ ചിലപ്പോൾ  ഒരു വര കാണാം അല്ലെങ്കിൽ ഇത്തിരി സ്പേസ് .ആലോചിക്കാറുണ്ട് ആ സ്പേസ് ആണ്  അല്ലെങ്കിൽ  ആ നേർത്ത  വരയാണ് ജീവിതം എന്ന്. അത് മാർബിളിൽ കൊത്തിയ ഫലകമായാലും സാധാരണ കല്ലിൽ കൊത്തിയാലും... അരുണ്‍ കുമാർ പൂക്കോം ന്റെ കവിത സമാഹാരത്തിന്റെ പേര് , ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്,  വായിച്ചപ്പോൾ ആ സ്പേസ് / വര ഓര്മ വന്നു .

ഈ കവിതകളിൽ  ജീവിതത്തിന്റെ നിരവധി ഘട്ടങ്ങളുണ്ട് ... ഒരു പക്ഷെ കവി കടന്നു പോയ കാലഘട്ടങ്ങൾ / അനുഭവങ്ങൾ ? അറിയില്ല... ഒരു പക്ഷെ അറിയേണ്ടതും ഇല്ല. ഓർത്തു വെയ്ക്കാൻ ചിലത് ഈ കവിതകൾ നല്കുന്നുണ്ട് . ഇനിയും നല്ല കവിതകൾ കവിയിൽ നിന്നും പ്രതീക്ഷിക്കാമെന്നും...

ആരുമറിയാതെ പോകുന്ന തലചുറ്റി തളര്ന്നു പോകുന്ന പമ്പരങ്ങൾ, കുഞ്ഞുന്നാളുകളിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ ചരട് പൊട്ടിയ പട്ടം, പിന്നോക്കം പോയി കണ്ടെടുക്കുന്ന കിട്ടിയ തല്ലുകൾ  പോലുള്ള ഉപമകൾ ബാല്യ കാലത്തെ കുറിച്ചുള്ള / കഴിഞ്ഞു / കൊഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള ഓര്മകളിലേക്ക്  കൂട്ടി കൊണ്ട് പോകുന്നുണ്ട് .

ഇക്കണ്ടൻ പോത്തപ്പൻ , പേടിക്കൊടലൻ , ഒരു പിടയും തിരിഞ്ഞു നോക്കാത്ത അശക്തനായ പൂവ്വൻ   എന്നിവരുടെ പ്രണയവും , ഒരാൾ  മാത്രം തന്നെ കാണാതെ പോകുന്നതിനെ കുറിച്ചുള്ള സങ്കടങ്ങളും കവിതകളിൽ നിറയുന്നുണ്ട്.

കുത്തി നോവിച്ച് 
കൂട്ടിചേർത്തതിൽ
മനമുരുകി തുരുമ്പെടുപ്പൂ 
കടലാസുകളിൽ 
കാലങ്ങൾക്കിപ്പുറം 
മൊട്ടുസൂചി 

അത് പോലെ പല കവിതകളും  നിസ്സഹായതയും ഉള്വലിയലും സ്വയം പഴികളും അശാന്തിയും  പകര്ത്തുകയും  കരഞ്ഞു കൊണ്ടേ ഇരിക്കുകയും അതെ സമയം പ്രത്യാശ കൈവിടാതിരിക്കുകയും ചെയ്യുന്നുണ്ട്. 

വ്യക്തിപരമായി ഈ കവിതാ സമാഹാരത്തിൽ ഏറ്റവും ഇഷ്ടമായത് 'അയല്പക്കം' എന്ന കവിതയാണ് 

അവന്  അവനെതന്നെ നഷ്ടപെട്ടിരുന്ന കാലത്ത് അവനു കൂട്ടിരുന്ന ആ പെണ്‍കുട്ടിക്ക് സ്നേഹാന്വേഷണങ്ങൾ പറയാതെ ഈ കുറിപ്പ് പൂർണമാവുന്നതെങ്ങിനെ ?  കാരണം ഈ കവിതാ  സമാഹാരം സമർപ്പിച്ചിട്ടുള്ളത്  തന്നെ അവൾക്കാണ് . 

പവിത്രൻ തീക്കൂനി അവതാരികയിൽ ഏഴുതിയ പോലെ ഇനിയും നല്ല കവിതകൾക്ക്  പിറവി കൊടുക്കുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു കൊണ്ട് ...

Wednesday, June 26, 2013

ചില ക്ലീഷേ വർത്തമാനങ്ങൾ (Urban Stories -1)

ജോണും സ്നേഹയും
------------------------------

"അല്ലെങ്കിലും നിങ്ങള്ക്കിപ്പോ . എപ്പോഴും ഓഫീസ്  ഓഫീസ്  എന്നാ ഒരു വിചാരം മാത്രം."

"എനിക്ക്  അത്രയും ജോലി ഉണ്ട് സ്നേഹാ ... കടങ്ങൾ ഒക്കെ വീട്ടണ്ടേ ? പുതിയ കാർ  മേടിക്കെണ്ടേ ? ഫ്ലാറ്റ് ന്റെ അടവ് അടച്ചു തീര്ക്കണ്ടേ ? അതിനു പിന്നെ പണികൾ തീര്ക്കണ്ടേ ... എല്ലാം കൂടെ ഞാൻ ഒരാള് ഉണ്ട്. "

"എന്നോട് സ്നേഹത്തോടെ ഒരു വാക്ക് പറയാൻ പോലും നിങ്ങള്ക്കിപ്പോ  സമയമില്ല . "

"പറ , നീ എന്നെ ഇന്ന് എത്ര പ്രാവശ്യം ഫോണ്‍ ചെയ്തു ? അഞ്ച്  ? ആറ് ? എന്നിട്ടും ഞാൻ എടുത്തില്ലേ ? നിന്നോട് സംസാരിച്ചില്ലേ ? ഇനി കൂടുതൽ  എന്ത് പറയാൻ ആണ് ? "

"എന്നോട് യാതൊരു താല്പര്യവുമില്ല . പ്രത്യേകിച്ച് നമ്മടെ മോൾ ഉണ്ടായതിനു ശേഷം  . എന്നെ മടുത്തോ ...? "

"Fuck....  ഇപ്പൊ വീട്ടില് വരുന്നതെ ഇഷ്ടമില്ല എന്നായി തുടങ്ങിയിരിക്കുന്നു ... ഓഫീസ്ൽ വർക്ക്‌ ന്റെ പ്രഷർ ഇവിടെ നിന്റെ വക . Am really fed up "

-------------------------------------------------------------------------------------------------------------------------------    

അരുണ്‍ഉം അതിഥിയും


"എന്താ മേഡം  ഇപ്പോഴെങ്കിലും വീട്ടില് വരാൻ തോന്നിയോ ? "

"വർക്ക്‌ ഉണ്ടായിരുന്നു അരുണ്‍ ."

"അത് നിന്റെ ഫേസ് ബുക്ക്‌ ഫോട്ടോസ് കണ്ടപ്പോ മനസിലായി . തൊലി വെളുത്ത സായിപ്പിന്റെ കൂടെ നിന്റെ പറ്റി  ചേര്ന്നുള്ള  ഇരിപ്പും ..."

"അരുണ്‍ വീണ്ടും തുടങ്ങരുത് ... അയാള് എന്റെ ക്ലയന്റ് ആണ് . "

"നമ്മൾ ഇത്തിരി നിറം കുറവാണെ "

"its your complex.  കള്ളും  കുടിച്ചു ഓരോന്ന് തുടങ്ങും "

"ആടീ...  ഞാൻ പറയുമ്പോ കോമ്പ്ലെക്സ് . നിനക്ക് കാണിക്കാം അല്ലെ... കണ്ടവന്റെ കൂടെ ഒക്കെ നടന്നു വൈകുന്നേരം ഇങ്ങു പോരും ."

---------------- --------------------- --------------------------- ---------------------------------


ജോണും സ്നേഹയും
--------------------------------

അരുണ്‍ഉം അതിഥിയും

--------------------------------

ജോണും അതിഥിയും

Hey john, ഇന്നെന്താ നേരത്തെ ഇറങ്ങുകയാണോ ? Anything special?

അതെ ... special  ഒന്നൂല

എന്ത് പറ്റീ  ? ആകെ ഒരു മൂഡ് ഔട്ട്‌ ?

ചുമ്മാ ഒരു ഡ്രൈവ് ... ഒറ്റക്കിരുന്ന്  ഒരു ബിയർ ...  അത്രേ ഉള്ളൂ പ്ലാൻ .

ഹ്മം ... ഒരു സുഖമില്ല ... വിരോധമില്ലെങ്കിൽ  ഞാനും വരാം .

ഹോ sure...

------------------ --------------------------- -------------------------- ---------------------------

ജോണും സ്നേഹയും


ഹോ ... ഇന്ന് നേരത്ത് വന്നോ ? പതിവില്ലാതെ ....

സ്നേഹാ.... പുഞ്ചിരി ... മോളെവിടെ  ....

---------------------- -------------------------         ---------------------------------------------

അരുണ്‍ഉം അതിഥിയും
waw... its surprise athithi.... I like this shirt..


പുഞ്ചിരി

---------- -------------------------------- ------------------------------------- --------------------------------

മനസ്സില് സൂക്ഷിച്ച രസമുള്ള സ്വകാര്യങ്ങൾ  :

 ( കാച്ചിയ എണ്ണ  തേച്ച മുടിയുടെ മണം  മെല്ലെ എവിടെയോ കുറച്ചു നേരം പിടികിട്ടാതെ  പോകുന്നു . പകരം പരാതി കൂമ്പാരങ്ങൾ ഇല്ലാത്ത പുതിയ ഏതോ ലേഡീസ് ഡിയോ യുടെ  കടുപ്പമേറിയ  മണം : John

അപകര്ഷതാ ബോധങ്ങൾ  ഭരിക്കുന്ന മനസ്സിന്റെ ആക്രമിച്ചു കീഴ്പെടുതലിന്റെതല്ലാത്ത ചില മെയ്യനക്കങ്ങൾ : Athidhi )

Friday, September 21, 2012

സുബൈര്‍, കാളി... അത് പോലുള്ള ചിലര്‍

ഡാ... നീ സുബൈര്‍ അല്ലെ... ഓര്‍മയില്ലേ എന്നെ? ഞാന്‍ അവനോടു ചോദിച്ചു. അവന്‍ അപ്പോള്‍ അവന്റെ എം 80 യില്‍ മീന്‍ പാത്രവുമായി വില്പനയ്ക്ക് ഞങ്ങളുടെ റൂട്ടില്‍ വന്നതായിരുന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തി. സുബൈര്‍ എന്റെ കൂടെ ക്ലാസ്സില്‍ പഠിച്ചവനാണ്. അവന്‍ പറഞ്ഞു" ഉപ്പ മരിച്ചു, അപ്പൊ ഉപ്പെടെ കച്ചോടം ഞാന്‍ തുടരുന്നു. കുഴപ്പമോന്നുമില്ലെടാ.. ജീവിച്ചു പോകാം. എന്തായാലും എന്താടാ.. സുഖമായിരിക്കുന്നു. അത് മതി.

വൈകുന്നേരങ്ങളില്‍ നാല് മണി കഴിയുമ്പോള്‍ കാളി വരുമായിരുന്നു. ഒരു ബ്രൌണ്‍ നിറത്തിലുള്ള ബ്ലൌസ് ഉം മുട്ടിനു താഴെ നില്‍ക്കുന്ന മുണ്ടും ചുമലില്‍ ഒരു തോര്‍ത്തുമുണ്ടും ആയിരിക്കും വേഷം.  അമ്മാമയുമായി  വര്‍ത്തമാനം പറയും. അവര്‍ വരുമ്പോള്‍ മുറം , കൊട്ട കയില്‍ (തവി) കൊണ്ട് വരും. അവര്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആ സാധനങ്ങള്‍ മേടിക്കാന്‍ കാത്തിരിക്കുമായിരുന്നു അമ്മാമ. അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട്  ഞാന്‍ വീടിന്റെ പിന്നാമ്പുറത് ഇരിക്കും. കടയില്‍ നിന്നും മേടിച്ചു കൂടെ മുറം എന്ന് ചോദിക്കുമ്പോ അമ്മാമ പറയുമായിരുന്നു. അവര്‍ പണ്ട് തൊട്ടു വീട്ടില്‍ കൊണ്ട് വരണതല്ലേ മോനെ, അവര്‍ ആ പൈസ വല്യ കാര്യമായിരിക്കും. അമ്മാമ കാണിച്ചിരുന്ന ആ പരസ്പര ബന്ധം മുറത്തിന്റെ വിലയേക്കാള്‍ വലുത് തന്നെ ആയിരുന്നു.

രാത്രിയാകുമ്പോള്‍ അച്ചാച്ചന്‍ ഭാസ്കരേട്ടന്റെ കടയില്‍ പോയി വരുന്നതും കാത്തു ഇരിക്കും. എന്തേലും പലഹാരം അല്ലെങ്കില്‍ മിഠായി  കൊണ്ട് വരുന്നതും നോക്കിയിരിക്കും. ഭാസ്കരേട്ടന്റെ കടയില്‍ ആണ് ആ ഭാഗത്തെ ആളുകള്‍ പോകുന്നതും നിത്യോ പയോഗ സാധനങ്ങള്‍ മേടിക്കുന്നതും. പിന്നെ ഭാസ്കരേട്ടന്‍ വയസായപ്പോള്‍ ഗോകുലേട്ടന്‍ ആയി. രാത്രി വൈകും വരെ ഗോകുലെട്ടന്റെ കടയുടെ അരികില്‍ ഇരിക്കുക. ലാത്തിയടിക്കുക ഇത്യാദി സംഗതികള്‍ ജീവിതത്തിന്റെ ഭാഗമായി. അവരുടെ കടകളില്‍ ഒന്നും ചില്ലിന്റെ തിളങ്ങുന്ന അലമാരകളോ
അവരുടെ കടയുടെ പേര് (പേരുണ്ടോ? ഇല്ല) പരസ്യങ്ങളിലോ വന്നിരുന്നില്ല. ആദ്യം ഭാസ്കരേട്ടന്റെ കട എന്നും പിന്നീട് ഗോകുലെട്ടന്റെ കട എന്നും അറിയപെടുന്നു. എങ്കിലും ഒരു പരിസരത്തിന്റെ നിത്യവൃതികള്‍ ആളുകള്‍ എന്നിവ ഈ കടയുമായി ഉള്ള ബന്ധം "ഉപ ഭോഗ സംസ്കാരം " എന്നൊക്കെ പറയുന്ന കടുത്ത വാക്കുകളേക്കാള്‍ അപ്പുറത്തായിരുന്നു.

മീന്‍  കൊണ്ട് വരുന്ന സുബൈര്‍, മുറം കൊണ്ട്  വരുന്ന കാളി , ഭാസ്കരേട്ടന്‍ ഇവരെ പോലെ ഒരു പാട് പേര്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. അവരെ കണ്ടാണ്‌ നമ്മള്‍ വളര്‍ന്നത്‌. അവരിലൂടെയാണ്‌ നമ്മള്‍ വളര്‍ന്നത്‌. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വ്യക്തികള്‍ക്ക് വ്യക്തിത്വം എന്ന പോലെ ഓരോ രാജ്യത്തിനും അതിന്റെ ഭൂ പ്രകൃതിക്ക് അനുസരിച്ചുള്ള ഒരു സംസ്കാരം ഉണ്ട്. ഒരു ജീവിത രീതി ഉണ്ട്. അവിടുത്തെ ഭരണ ചക്രത്തിനും രാഷ്ട്രീയകാര്‍ക്കും വേറെ വേറെ രീതികളും മറ്റുമാനുള്ളത് . അത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളില്‍ വിജയിച്ചത് ഇവിടെ വിജയിച്ചു കൊള്ളണം എന്നില്ല.

ഒരു ലോറി സമരം മാസങ്ങള്‍ നീണ്ടാല്‍ ഉണ്ണാന്‍ അരി ഇല്ലാത്ത കേരളീയര്‍ ആണ് നമ്മള്‍. അതിനു തമിഴ് നാടിനെ അമിതമായി ആശ്രയിച്ചത് കൊണ്ടുള്ള പ്രത്യാഘാതം. ഓണത്തിന്നു പൂകളം ഇടാന്‍ പോലും തമിഴ്നാട്ടില്‍ നിന്നു പൂ വേണം. പടിഞ്ഞാറന്‍ ഉപഭോഗസംസ്കാരം പിന്തുടരുന്നത് പലപ്പോഴും അപകടത്തിലേക്ക് നയിക്കും . ഇന്നല്ലെങ്കില്‍ നാളെ. അത് പോലെ   കര്‍ഷകര്‍ ഉള്ള നാട്ടില്‍ ഇനി കൃഷി വേണ്ട എന്ന് പറയുന്ന മന്ത്രിമാര്‍, walmart പോലുള്ള സ്ഥാപനങ്ങള്‍ വന്നാല്‍ അതിലൂടെ കുറെ ഓഫര്‍ കിട്ടും എന്നും അതിലൂടെ ജീവിതം ലാവിഷ് ആക്കാം എന്ന് വിചാരിക്കുന്ന മധ്യ വര്‍ഗം ഒന്നാലോചിക്കുക. ഇവിടെ കാറില്‍ യാത്ര ചെയ്യാത്ത, നടന്നു പോകുന്ന ആളുകള്‍ ഉണ്ട് , ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും അതിനു വേണ്ടി കഷ്ട പെടുന്നവരും ഉണ്ട്.

ഞാനൊരു സാമ്പത്തിക വിദഗ്ദന്‍ ഒന്നുമല്ല. പക്ഷെ വൈദേശിക പണം കൊണ്ട് വന്നു ഇവിടെ കോടികള്‍ മുടക്കുന്നതിന് പകരം ഓരോ നാട്ടിലും അതാതു പ്രദേശത്തെ ആളുകള്‍ ലക്ഷങ്ങള്‍ ഇറക്കി നല്ല ഒരു വ്യവസായം തുടങ്ങുകയും അത് ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്യാന്‍ കഴിയുന്ന എത്രയോ പ്രൊജക്റ്റ്‌ കള്‍ ഉണ്ട്. ഇവിടെ കോടികളുടെ കിലുക്കം മാത്രം കേള്‍ക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം?


Inspired from shekhar kapoor's blog and adharsh

Wednesday, September 19, 2012

അകാരണം

എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ...
മനോജിന്റെ ചെവിയിലേക്ക് ശ്രേയാ ഗോശാല്‍ മധുരതരമായി ഒഴുകി കൊണ്ടിരുന്നു..
പൊടുന്നനെ വലിയ ഒരു ഉലച്ചലില്‍ വണ്ടി നിന്നു. വാച്ചില്‍ നോക്കി സമയം 11:40.
പുറത്തേക്കു നോക്കി. അങ്കമാലി ആകുന്നേ ഉള്ളൂ.
റൂമിലെത്തുമ്പോള്‍ അവന്മാരെല്ലാം അടിച്ചു കിണ്ടി ആയി ഉറങ്ങീണ്ടാവും. നിഖില്‍ ഉറങ്ങാന്‍ വഴിയില്ല. അവന്റെ കാമുകി ജസീറയുമായി ഫോണില്‍ സൊള്ളി ഇരിക്കുന്നുണ്ടാവും.
തൃശൂര് നിന്നും വണ്ടി എടുത്തത്‌ തന്നെ നേരം വൈകി ആണെന്ന കാരണത്താല്‍ വണ്ടി നല്ല സ്പീഡില്‍ ആയിരുന്നു. സാധാരണ കെ എസ് ആര്‍ ടി സി ബസ്‌ കളെക്കാള്‍ കുറച്ചു കൂടുതല്‍ അന്ന് ഉണ്ടായിരുന്നു എന്ന് അവന്‍ ആലോചിച്ചിരുന്നു.
"എന്താ റോഡ്‌ അല്ലെ... ഇത്രേം നല്ല റോഡ്‌  പണിതതിന്  കാശ് കൊടുത്താല്‍ എന്താ"
എന്നൊക്കെ ചോദിച്ച് ഒപ്പം ഇരിക്കുന്ന മധ്യ വയസ്കന്‍ ചര്‍ച്ച തുടങ്ങിയപ്പോഴാണ്, താല്‍പര്യമില്ലാതെ,  മൊബൈലില്‍ പാട്ട് കേള്‍ക്കാന്‍ തുടങ്ങിയത്...
അല്ലെങ്കില്‍ തന്നെ ബി ഓ ടി ക്കെതിരെ സമരം എന്നൊക്കെ പറഞ്ഞു കുറെ എണ്ണം ഇറങ്ങും . വേറെ പണി ഇല്ല.

ബസ്സില്‍ നിന്നും ആളുകള്‍ ചാടി ഇറങ്ങി...
പുറകില്‍ ഇരുന്ന കണ്ടക്ടര്‍ "എന്താ... എന്താ..." എന്ന് ചോദിച്ച് ഡ്രൈവര്‍ ടെ സീറ്റ് നടുതെക്ക് പാഞ്ഞു.
പാതി മയക്കവും സംഗീതവും ചേര്‍ന്നു കിക്ക് ആയ പോലെ  ഇരുന്ന ഞാന്‍ അടുത്തിരുന്ന ആളെ നോക്കി . ആളും ഇറങ്ങി കഴിഞ്ഞിരുന്നു.
ഛെ.. വല്ല പഞ്ചര്‍  ആവും... ഈ നേരത്ത് ഇനി ഏതു വണ്ടി കിട്ടാനാണ്‌?  എന്നൊകെ മനസ്സില്‍ പറഞ്ഞു.
കുറച്ചു സമയത്തിനുള്ളില്‍ തന്നെ , ഇറങ്ങിയ ആളുകള്‍ ഓരോരുത്തരായി തിരിച്ചു കേറി കൊണ്ടിരുന്നു..
അടുത്തിരുന്ന മധ്യ വയസ്കന്‍ തിരിച്ചു വന്നപ്പോള്‍ മനോജ് ചോദിച്ചൂ .
"എന്തേ? എന്ത് പറ്റീ?"
"റോഡില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു. അയാളുടെ മുകളിലൂടെ  വണ്ടി കയറിയിറങ്ങി. ഹോ.. അയാളുടെ വയറിന്റെ മുകളിലൂടെ ആണ് നമ്മുടെ വണ്ടി കയറിയത് എന്ന് തോന്നുന്നു. അവിടെ ആകെ കുടല്‍ മാലകളും ചോരയും മറ്റും ചിതറികിടക്കുന്നു"
മനോജ് മുഖം കുനിച്ചു കണ്ണടച്ചു. ഹോ... ഫേസ് ബുക്കില്‍ പോലും അങ്ങനെ ഉള്ള പോസ്റ്റ്‌ കള്‍ കാണുമ്പോള്‍ ബ്ലോക്ക്‌ ചെയ്യുകയാണ് പതിവ് .
ആളുകളുടെ വര്‍ത്തമാനം കേള്‍ക്കാം. അത് നമ്മള്‍ വന്ന വണ്ടി കയരിയതാനെന്നും അല്ല മുന്‍പേ പോയ ഏതോ വണ്ടി തട്ടിയതാനെനും ഒക്കെ ഉള്ള ചര്‍ച്ചകള്‍ നടക്കുന്നു.

"എന്റെ കൂടെ നീ ഉള്ളത് കൊണ്ട് എനിക്കെന്തെലും പറ്റ്യാല്‍ നീ ഉണ്ടാവും . അല്ലാതെ ഒറ്റയ്ക്ക് രാത്രി ഇങ്ങനെ ഇറങ്ങി വല്ലോം പറ്റ്യാല്‍ ആരു രക്ഷിക്കും"
"ഒരു പട്ടീം രക്ഷിക്കില്ല"
"അല്ലെങ്കില്‍ തന്നെ എല്ലാര്‍ക്കും സ്വന്തം കാര്യം എന്ന് പറഞ്ഞു പാഞ്ഞു നടപ്പല്ലേ"
"അതെ അതെ..."
തൊട്ടു മുന്നിലെ സീറ്റിലെ രണ്ടു യുവാക്കള്‍ രണ്ടെണ്ണം അടിചിട്ടാ കേറിയതെന്നു തോന്നുന്നു. ബസ്സില്‍ കയറിയപ്പോ തൊട്ടു വല്യ വല്യ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്.

"മുന്‍പേ തട്ടിയതാണെങ്കില്‍ അതിന്റെ മുകളിലൂടെ എത്ര വണ്ടി കേരീട്ടുണ്ടാവും."
"കാലുകള്‍ ഒക്കെ ആകെ ചതഞ്ഞു കിടക്കുകയാണ്. "
"ആദ്യം തട്ടിയവന്മാര്‍ ആരായാലും വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷപെട്ടെനെ"
"തട്ടിയാല്‍ വീഴുമാരിക്കും. വീണ ഉടനെ ബോധം പോയിട്ടുണ്ടാവും. ഹോ... അതിനു പിന്നാലെ വന്ന എത്ര വണ്ടികള്‍ ആ ജീവനുള്ള ശരീരത്തിന് മുകളിലൂടെ കയറിയിട്ടുണ്ടാവും"
"അല്ലെങ്കിലും ഇവിടെ ഹൈവേ പോലീസ് ഒക്കെ ചുമ്മാതാ" 
വണ്ടിയില്‍ കയറുന്നവര്‍ ആരോടെന്നില്ലാതെ അല്ലെങ്കില്‍ ബസ്സില്‍ നിന്നും ഇറങ്ങാത്തവരോടായി എന്ന പോലെ ഓരോന്ന് പറഞ്ഞു കൊണ്ട് തിരിച്ചു വണ്ടിയില്‍ കയറുകയാണ്.

അവസാനം കണ്ട്ക്ടര്‍
"എല്ലാരും വണ്ടീല്‍ കയറിക്കെ , ഇത് നമ്മടെ വണ്ടി തട്ടിയതോന്നുമല്ല. നമ്മള്‍ എന്തിനു സമയം കളയണം " എന്ന് പറഞ്ഞപ്പോള്‍ എല്ലാരും ബസ്സില്‍ കയറി.

പുറകിലെ സീറ്റില്‍ നിന്നും ആരോ മുറു മുറുക്കുന്നുണ്ടായിരുന്നു.
"ഈ വണ്ടി തന്നെ കേറിയതാവും...ആരു കണ്ടു... "

അവസാനം കയറിയ ആളും കയറുന്നു.
"അപ്പുറത്ത് ഒരു ഹെല്‍മെറ്റ്‌ കിടക്കുന്നുണ്ട്... ഒരു ചുവന്ന  ...

പൂര്തിയ്യാക്കും മുന്‍പേ, അയാളുടെ വിവരണം കൂടെ കേള്‍കാന്‍ കൂടി ശക്തിയില്ലാതെ മനോജ് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി. ശബ്ദം കൂട്ടി വെച്ചു.
എല്ലാവരും വീണ്ടും അവരവരുടെ ലോകങ്ങളിലേക്ക്...

എറണാകുളം കെ എസ ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ കയറി. കടവന്ത്രയിലെ റൂമിനരികില്‍ ഇറങ്ങുമ്പോള്‍ റൂമില്‍ വെളിച്ചമുണ്ട്.
രാജുവും വിജീഷും ഷിയാസും ഇരുന്നു ടീ വി കാണുന്നു. അടുത്ത് പകുതിയായ ഒരു ഓള്‍ഡ്‌ മോന്ക് .
"എന്താടേ... ആരും ഉറങ്ഗീലെ? "
"ഇല്ലെടാ... ഒരു വൃദ്ധസന്യാസിയെ നമ്മടെ നിത്യ ഹരിത കാമുകന്‍ നിഖില്‍ ഓഫര്‍ ചെയ്തു. ആ പിശുക്കന്‍ വല്ലപ്പോഴുമല്ലേ കാശ് മുടക്കൂ.." രാജു പറഞ്ഞു.
"അല്ലെങ്കിലും അവനു ഫോണ്‍ ബില്‍ അടച്ചു ബാക്കി പൈസ ഉണ്ടാവുമോടാ.." വിജീഷ് ഏറ്റു പിടിച്ചു.
"എന്നിട്ട് അവനെവിടെ?" മനോജ് ചോദിച്ചൂ.
"അവന്‍ വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞു പോയതാ.. ഇത്തിരി ലേറ്റ് ആവും എന്ന് വിളിച്ചു പറഞ്ഞിട്ട് മണിക്കൂര്‍ നാലായി. സാധനം മേടിച്ചോ കാശ് വന്നിട്ട് തരാം എന്ന് പറഞ്ഞു. എന്റെ കാശ് പോവുമോ ആവോ" ഷിയാസ് .
മനോജിന്റെ മൊബൈല്‍ ശബ്ദിച്ചു.  എസ് എം എസ് ഫ്രം നിഖില്‍ സ് ഫ്രണ്ട് . "നിഖില്‍ ഉണ്ടോ അവിടെ? വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ "

"ഇനി ചാലകുടി വേറെ വല്ലയിടതെക്കും മാറ്റിയോ ആവോ? " വിജീഷിന്റെ ചളു തമാശ
"അതിനു അവന്റെ  ബൈക്ക് പുറത്തുണ്ടല്ലോ " മനോജ് ചോദിച്ചൂ. 
"അവന്‍ എന്റെ ചുവന്ന മൂരിക്കുട്ടന്‍ ആയാണ് പോയിട്ടുള്ളത് "

 അവസാനം ബസ്സില്‍ കയറിയ ആളിന്റെ പൂര്‍ത്തിയാകാത്ത വാക്കുകളുടെ അവസാനം അവന്റെ കാതുകളില്‍ മുഴങ്ങുന്നതായി അവനു തോന്നി...
"അപ്പുറത്ത് ഒരു ഹെല്‍മെറ്റ്‌ കിടക്കുന്നുണ്ട്... ഒരു ചുവന്ന  ..."